മൂവാറ്റുപുഴ: ജനപ്രതിനിധികളേയും രക്ഷിതാക്കളേയും സാക്ഷിയാക്കി ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്കൂളിൽ വർണാഭമായ പ്രവേശനോത്സവം നടന്നു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളെ കിരീടവും ബലൂണും മധുരവും നൽകി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനവും വാർഡ് അംഗം ജിഷ ജിജോ സ്കൂൾ യൂണിഫോമിന്റെ വിതരണോദ്ഘാടനവും നടത്തി. മാറാടി സർവീസ് സഹകരണബാങ്ക് നൽകിയ സ്കൂൾ ബാഗുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് തേജസ് ജോൺ നിർവഹിച്ചു. കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്ക്' നൽകിയ ടൈംടേബിൾ കാർഡിന്റെ വിതരണോദ്ഘാടനം കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ രേഷ്മ ഷൈൻ നിർവഹിച്ചു. കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് തലമുടി ദാനം ചെയ്ത് പൂർവ്വവിദ്യാർത്ഥി എൻ.എം. അശ്വതി മാതൃകയായി. മാറാടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സാബു ജോൺ, വനിതാ സഹകരണ ബാങ്ക് പ്രസിഡന്റ് ലീലാ കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ റെനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ,സ്‌റ്റാഫ് സെക്രട്ടറി അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, മദർ പി.ടി.എ ചെയർപേഴ്സൺ ഷർജ സുധീർ എന്നിവർ സംസാരിച്ചു.