
കുറുപ്പംപടി: മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് കോടനാട് ഓഫീസിന് കരുത്തേകാൻ ആധുനിക ജീപ്പ് 'ഗൂർഖ' എത്തി. ഉന്നത നിലവാരമുള്ള സംവിധാനങ്ങളോടു കൂടിയ രണ്ട് ഗൂർഖ ജീപ്പുകളാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് ലഭ്യമാക്കിയത്.
കുന്നിൻപ്രദേശങ്ങളും ദുർഘടമായ വനപ്രദേശങ്ങളും പാറക്കെട്ടുകളും ചെളിയുള്ള ഭാഗങ്ങളും അനായാസം താണ്ടാൻ സാധിക്കുമെന്നതാണ് ഖൂർഖയെ വേറിട്ടുനിന്നത്. വാഹനത്തിൽ ആറു പേർക്ക് സഞ്ചരിക്കാം. രാത്രിയാത്രയ്ക്ക് സഹായകമാവുംവിധം മികച്ച വെളിച്ച സംവിധാനവുമുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാർക്കാണ് ഗൂർഖകൾ അനുവദിച്ചത്. റെയ്ഞ്ച് ഓഫീസർമാരാവും വാഹനങ്ങൾ ഉപയോഗിക്കുക. അടിയന്തരഘട്ടങ്ങളിൽ വനപാലകരുടെ കാര്യക്ഷമമായ സേവനം ജനങ്ങൾക്ക് വേഗം ഉറപ്പാക്കുന്നതിനാണ് പുതിയ വാഹനങ്ങൾ.
2021 അവസാനമാണ് ഗൂർഖയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്തിയത്. 13.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മോഡുലാർ ആർകിടെക്ച്ചർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള വാഹനമാണ് ഗൂർഖ. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്ലൈറ്റും നൽകിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ തയാറാക്കിയിട്ടുള്ളത്. ബോണറ്റിൽനിന്ന് നീളുന്ന സ്നോർക്കലും മികച്ച സ്റ്റൈലിംഗിലെ 16 ഇഞ്ച് അലോയി വീലുകളും ഗൂർഖയുടെ സവിശേഷതകളിൽപ്പെടുന്നു.