കളമശേരി: സി.സി.ടി.വി കാമറ ഉണ്ടെന്നറിയാതെ ഏലൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ സ്കൂട്ടറിലെത്തി മാലിന്യം വലിച്ചെറിഞ്ഞ യുവതിക്ക് 1000 രൂപ നഗരസഭയിൽ പിഴ ഈടാക്കി. മേലിൽ ആവർത്തിക്കില്ലെന്ന് ക്ഷമാപണവും എഴുതി നൽകി. കൗൺസിലർ മാഹിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി എട്ടോളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാമറകൾ സ്ഥാപിച്ച ശേഷം മോഷണം, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞതായി മാഹിൻ പറഞ്ഞു. കാമറയുണ്ടെന്നറിയാതെ പുറത്ത് നിന്ന് വന്ന് മാലിന്യം നിക്ഷേപിക്കുന്നവരാണ് പിടിയിലാവുന്നത്. 5 കാമറകൾ കൂടി ഉടനെ സ്ഥാപിക്കുമെന്ന് കൗൺസിലർ പറഞ്ഞു.