
പള്ളുരുത്തി: ഐക്യ രാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന ആധുനിക ശാസ്ത്രനേട്ടങ്ങൾക്കൊപ്പം കാർഷിക പൈതൃകങ്ങളും കൃഷി വികസനത്തിന് ഉപയുക്തമാക്കണമെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്ന ചെല്ലാനം - ഗോവ കാർഷിക പൈതൃക പ്രോജക്ടിൽ ഉൾപ്പെടുത്തുന്ന പദ്ധതികൾ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് മേധാവികൾ ചെല്ലാനം പഞ്ചായത്ത് സന്ദർശിച്ചു.
ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി സമർപ്പിച്ച പദ്ധതി കെ.ജെ. മാക്സി എം.എൽ.എ.യുടെ അഭ്യർത്ഥനയെ തുടർന്ന് റീബീൽഡ് കേരളയിൽപ്പെടുത്തി നടപ്പിലാക്കുവാൻ ഉത്തരവായിരുന്നു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്നാണ് സന്ദർശനം.
1500 മുതൽ കേരള തീരത്ത് കുടിയേറിയ ഗോവയിൽ നിന്നുള്ള കാർഷിക വൃത്തിയിൽ പ്രാവീണ്യം നേടിയ കുടുംബി സമുദായമാണ് ചെല്ലാനത്തിന്റെ കാർഷിക മേഖലയെ ചിട്ടപ്പെടുത്തി നാടിന്റെ കാർഷിക പെരുമ നേടി തന്നത്. നിലവിൽ താറുമാറായ ചെട്ടിവിരിപ്പ്, പച്ചക്കറി, തെങ്ങ് കൃഷികളുടെ പാടശേഖരാധിഷ്ഠിതമായ പുനരുദ്ധാരണം, ഏറ്റിറക്ക് ഒഴുക്കുകളും നിയന്ത്രണവും, ഓരുവെള്ള ഭീഷണി, മത്സ്യ -ലൈവ് സ്റ്റോക്ക് - ടൂറിസം മേഖലകളുടെ സംയോജിത വികസനം എന്നീ കാഴ്ച്ചപ്പാടുകളും യുവജന കേന്ദ്രീകൃതമായ പദ്ധതികളുമാണ് ലക്ഷ്യം. മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ കുമാർ, ജില്ലാ മേധാവി മഞ്ജു നായർ എന്നിവരുടെ നേതൃത്വത്തിൽ ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ, കെ.വി. ജോൺസൺ, കെ.ജെ. ആന്റോജി, പി.എൻ. രവീന്ദ്രൻ , മാക്സ്വെൽ ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.