
കൊച്ചി: വൈദ്യുതി റെഗുലേറ്ററി കമ്മിഷനിലെ ടെക്‌നിക്കൽ അംഗത്തെ നിയമിക്കാനുള്ള നടപടികൾ ജൂൺ 15വരെ ഹൈക്കോടതി തടഞ്ഞു.
ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനും ഈ പദവിയിലേക്ക് അപേക്ഷിച്ചിരുന്ന ജോർജ് തോമസും നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിയമന നീക്കം നടപടികൾ പാലിക്കാതെയാണെന്ന് കോടതി വാക്കാൽ പറയുകയും ചെയ്തു. ഇവരുടെ ഹർജി നേരത്തേ സിംഗിൾബെഞ്ച് തള്ളിയിരുന്നു.
കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനിയറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി. പ്രദീപിനെ ചട്ടവിരുദ്ധമായി ടെക്‌നിക്കൽ അംഗമായി നിയമിക്കാൻ നീക്കമുണ്ടെന്നാണ് അപ്പീലിലെ വാദം. ബി. പ്രദീപ് ചീഫ് എൻജിനിയറുടെ ചുമതല വഹിച്ച 2016 ജനുവരി ഒന്നു മുതൽ 2021 ജൂൺ 15വരെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി നൽകിയ അപേക്ഷകൾ റെഗുലേറ്ററി കമ്മിഷന് മുന്നിലുണ്ട്. പ്രദീപ് ടെക്‌നിക്കൽ അംഗമാകുന്നതോടെ ഈ അപേക്ഷകൾ അദ്ദേഹം ഉൾപ്പെട്ട സമിതി പരിശോധിക്കേണ്ടി വരുമെന്നും ഇത് കമ്മിഷന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്നും അപ്പീലിൽ ആരോപിക്കുന്നു. ജൂൺ 15ന് അപ്പീൽ വീണ്ടും പരിഗണിക്കും.