പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ നെടുങ്കണ്ണിയിൽ ഗുണ്ടാ അക്രമണം പതിവാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സംഘം നെടുങ്കണ്ണി ട്രാൻസ്‌ഫോർമർ കവലയിലെ ചിറയുടെ സമീപമാണ് തമ്പടിക്കുന്നത്. പതിനഞ്ചോളംപേർ വരുന്ന സംഘം കഞ്ചാവും മദ്യവും ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ട്രാൻസ്‌ഫോർമർ കവല വഴി രാത്രി നടക്കാനാവാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു. കൊമ്പനാട്, ആനക്കല്ല്, വേങ്ങൂർ ഭാഗത്തും നിന്നും വന്ന് തമ്പടിക്കുന്നവർ മദ്യവും കഞ്ചാവും പരസ്യമായി വിറ്റഴിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി ചുണ്ടക്കുഴികളപ്പുരക്കുടി കെ.എ. ഷിനുവിനെയും ഗർഭിണിയായ ഭാര്യയെയും ഗുണ്ടാ സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. വീടിന് സമീപത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണം. പരാതിയെ തുടർന്ന് എത്തിയ കോടനാട് പൊലീസിനെയും സംഘം വിരട്ടിയിരുന്നു. കാൽനടയാത്രക്കാരേയും സൈക്കിൾ യാത്രക്കാരേയും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പോക്കറ്റടിക്കാനുള്ള ശ്രമവുമുണ്ട്. ഗുണ്ടാ സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ മുടക്കുഴ ലോക്കൽ സെക്രട്ടറി കെ.വി. ബിജു ആവശ്യപ്പെട്ടു.