മൂവാറ്റുപുഴ: ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കല്ലൂർക്കാട് ഫയർസ്റ്റേഷൻ പരാതീനതകളിൽ വലയുന്നു. ഫയർ സ്റ്റേഷൻ പുതുക്കിപ്പണിയാൻ രണ്ടുവർഷം മുമ്പ് നടപടികൾ ആരംഭിച്ചങ്കിലും എങ്ങുമെത്തിയിട്ടില്ല. പരാതികൾ ഉയർന്നതിനെ തുടർന്ന് എൽദോ എബ്രഹാം എം.എൽ.എ ആയിരുന്ന കാലത്താണ് പുതിയ മന്ദിരം നിർമ്മിക്കാൻ നടപടി ആരംഭിച്ചത്. 3.5 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ ഫണ്ട് ഇല്ലെന്ന കാരണത്താൽ മുന്നോട്ടുപോകാനായില്ല.
പഞ്ചായത്ത് വിട്ടുകൊടുത്ത 23 സെന്റ് സ്ഥലത്ത് 2006 ലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 34 ജീവനക്കാരും മൂന്നു വാഹനങ്ങളുമാണ് ഇവിടെ ഉള്ളത്. പഴയ കെട്ടിടമായതിനാൽ ആവശ്യത്തിനു സൗകര്യങ്ങളില്ല. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനും വാഹനങ്ങൾ കയറ്റി ഇടുന്നതിനുമുള്ള സംവിധാനങ്ങളുമില്ല. ആസ്ബറ്റോസിന് താഴെയുള്ള വിശ്രമ കേന്ദ്രത്തിൽ വേനൽക്കാലത്ത് ഇരിക്കാൻ സാധിക്കില്ല. കുടിവെള്ള പ്രശ്നങ്ങളും രൂക്ഷമാണ്. കല്ലൂർക്കാട് ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും ഇല്ലായ്മകളും ചൂണ്ടിക്കാട്ടി പലവട്ടം നിവേദനങ്ങൾ നൽകിയെങ്കിലും സർക്കാർ അനൂല നിലപാട് സ്വകരിച്ചിട്ടില്ല. കല്ലൂർക്കാട് ഫയർ സ്റ്റേഷൻ പരിധി മലയോര മേഖലയാണ്. വേനൽകാലത്ത് തീപിടിത്തവും വർഷകാലത്ത് കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗത തടസങ്ങളും മേഖലയിൽ പതിവാണ്. അടിയന്തര സാഹചര്യങ്ങളെ അടിക്കടി നേരിടേണ്ടിവരുന്ന ഒരു ഫയർസ്റ്റേഷനാണ് വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നത്. . കല്ലൂർക്കാട് ഫയർ ഫോഴ്സിന് എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് അംഗം ബാബു മനക്കപ്പറമ്പർ ആവശ്യപ്പെട്ടു. ഇതുസംബന്ധി ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകുമെന്നും മനക്കപ്പറമ്പൻ അറിയിച്ചു.