dcc

കൊച്ചി: തൃക്കാക്കരയിൽ ഉജ്ജ്വല വിജയം നേടി യു.ഡി.എഫ് കുതിച്ചപ്പോൾ ആവേശക്കടലായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്. വോട്ടെണ്ണലിനു വളരെ മുമ്പേ പ്രവർത്തകരൊഴുകിയെത്തി. ആദ്യ ഫലസൂചനകളിൽ തന്നെ ഉമ മുന്നിലെത്തിയപ്പോൾ മുതൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. 9.30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയതോടെ ആവേശം അലതല്ലി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഓഫീസ് മുറിയിൽ സതീശനെ കാത്ത് നേതാക്കളുടെ നീണ്ടനിരയായിരുന്നു.

ഇവർക്കൊപ്പമിരുന്ന് ടി.വിയിൽ ഫലപ്രഖ്യാപനം കണ്ട സതീശൻ മുതിർന്ന നേതാക്കളെയടക്കം ഫോണിൽ ബന്ധപ്പെട്ട് സന്തോഷം പങ്കുവച്ചുകൊണ്ടിരുന്നു. മിനിട്ടുകൾ വെച്ച് ലീഡുനില ഉയരുമ്പോൾ അമിതാഹ്ലാദമില്ലാതെ ഷിയാസിനോടും മറ്റും കണക്കുകൾ ആരാഞ്ഞു.

പി.ടി. തോമസിന്റെ ഭൂരിപക്ഷം മറികടന്നപ്പോഴും ലീഡ് 20,000 കടന്നപ്പോഴുമെല്ലാം സതീശനത് പ്രവർത്തകരോട് ഉറക്കെ വിളിച്ചു പറഞ്ഞു. ആരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ അത് ഏറ്റെടുത്തത്. യുവനേതാക്കളായ ഷാഫി പറമ്പിൽ എം.എൽ.എയും രാഹുൽ മാങ്കൂട്ടത്തിലുമെത്തിയപ്പോൾ ആഹ്ലാദം ആരവത്തിന് വഴിമാറി. ഇരുവരേയും എഴുന്നേറ്റ് നിന്ന് കെട്ടിപ്പിടിച്ചും ഉമ്മവച്ചും പ്രതിപക്ഷ നേതാവ് സന്തോഷം പങ്കുവച്ചു.

അപ്പോഴെല്ലാം പുറത്ത് ബാൻഡ് മേളവും പടക്കം പൊട്ടിക്കലും നടക്കുന്നുണ്ടായിരുന്നു. ലീഡ് 20,000 പിന്നിട്ടതോടെ ഷാഫിയും രാഹുലുമടക്കമുള്ളവരും ജില്ലാ നേതാക്കളും കൗണ്ടിംഗ് സ്റ്റേഷനിലേക്ക് തിരിച്ചു. അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ മുദ്രാവാക്യം വിളികൾ ഉച്ചസ്ഥായിയിലായി.

ഭൂരിപക്ഷം 25,016ലെത്തിയതോടെ കോട്ടയാണ് കോട്ടയാ കോൺഗ്രസിന്റെ കോട്ടയാ, പി.ടിയുടെ കോട്ടയാ... മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ റോഡിലേക്കിറങ്ങി. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം സ്ഥാനാർത്ഥി ഉമാ തോമസ് എത്തിയതോടെ രംഗം വീണ്ടും കൊഴുത്തു. പിന്നീട് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആഹ്ലാദ പ്രകടനം കാക്കനാട്ടേക്ക്...

അൻവർ സാദത്ത്, ടി. സിദ്ദിഖ്, റോജി ജോൺ,ടി.ജെ. വിനോദ്, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ദീപ്തി മേരീ വർഗീസ്, വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, നാട്ടകം സുരേഷ്, അജയ് തറയിൽ, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ് തുടങ്ങി നിരവധി നേതാക്കളാണ് ഇവിടെയുണ്ടായിരുന്നത്.

സി.പി.എം ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ദിനേശ് മണി, സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് തുടങ്ങിയ ചുരുക്കം ചിലർ മാത്രമാണ് എത്തിയത്. അപ്പുറത്ത് ആഘോഷമെങ്കിൽ ഇപ്പുറത്ത് തീർത്തും മ്ലാനമായിരുന്നു. 10 മണിക്ക് ഡോ. ജോ വീട്ടിലേക്ക് മടങ്ങി.

ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, അഡ്വ. സുരേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിബി ജോസഫ്, സംസ്ഥാന സമിതി അംഗം എൻ.പി. ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവരെത്തിയിരുന്നു.