sreeman-narayanan
വൃക്ഷയജ്ഞം വഴി മുപ്പത്തടം ഗ്രാമത്തിലെ വിവിധ പുരയിടങ്ങളിൽ നട്ടുപിടിപ്പിച്ച പ്ലാവുകൾക്ക് സമീപം ശ്രീമൻ നാരായണൻ

ആലുവ: ഗാന്ധിയനും എഴുത്തുകാരനുമായ ശ്രീമൻ നാരായണൻ വൃക്ഷയജ്ഞംവഴി മുപ്പത്തടം ഗ്രാമത്തിൽ നട്ട 200വർഷം കായ്ഫലം തരുന്ന 5000 തേൻവരിക്ക പ്ലാവുകൾ കായ്ച്ചുതുടങ്ങി. കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാറാണ് ആറുവർഷം മുമ്പ് ശ്രീമൻ നാരായണന്റെ വൃക്ഷയജ്ഞം മുപ്പത്തടം ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്തത്.

അന്നുമുതൽ ആരഭിച്ച യജ്ഞം എല്ലാ വർഷവും മുടക്കമില്ലാതെ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇത് ഏഴാമത്തെ വൃക്ഷയജ്ഞമാണ്. ആയിരക്കണക്കിന് തൈകളാണ് എല്ലാവർഷവും വിതരണം ചെയ്യുന്നത്. ഈ വർഷത്തെ വൃക്ഷയജ്ഞം നാളെ രാവിലെ പത്തിന് മന്ത്രി പി. രാജീവ് മുപ്പത്തടം ദ്വാരക ഹോട്ടൽ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. മുപ്പത്തടം ഗ്രാമത്തിൽ ശ്രീമൻ നാരായണൻ വിവിധ പുരയിടങ്ങളിൽ ഗാന്ധിമരങ്ങൾ എന്ന പേരിൽ വച്ചുപിടിപ്പിച്ചിട്ടള്ള 10,000 വൃക്ഷങ്ങളിൽ ചിലത് കായ്ഫലം തന്നുതുടങ്ങി. സ്ഥലലഭ്യതയനുസരിച്ച് ഒന്നുമുതൽ നൂറുവരെ തൈകൾ വിവിധ പുരയിടങ്ങളിൽ നട്ടിട്ടുണ്ട്. പ്രത്യേകം ആളെ നിയോഗിച്ച് വീടുകളിൽചെന്ന് തൈകൾ നടുകയായിരുന്നു.

10 തൈകളാണ് നടുന്നതെങ്കിൽ ഒന്നിലേയും ഒരു തൈയാണെങ്കിൽ ഒരുകൊമ്പിലേയും ഫലങ്ങൾ പക്ഷികൾ, അണ്ണാൻ മുതലായവയ്ക്ക് വിട്ടുകൊടുക്കണമെന്ന് വീട്ടുകാരുമായി ധാരണയുണ്ട്. ജില്ലയിലും സംസ്ഥാനത്തിനു പുറത്തുമായി 2.5 ലക്ഷത്തിലധികം ഫലവൃക്ഷത്തൈകൾ ശ്രീമൻ നാരായണൻ വിതരണം ചെയ്തിട്ടുണ്ട്.