hajj

നെടുമ്പാശേരി: കൊവിഡ് പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം ഇന്ന് രാവിലെ 8.30ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മദീനയിലേക്ക് പുറപ്പെടും. സൗദി അറേബ്യൻ എയർലൈൻസിന്റെ എസ്.വി 5747വിമാനത്തിൽ 377 തീർത്ഥാടകരാണ് പോകുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു.

കേരളത്തിന് ആദ്യഘട്ടത്തിൽ 5274 സീറ്റുകൾ ലഭിച്ചു. 16 വരെ 20 വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലെ 1966 പേരും നെടുമ്പാശേരി വഴിയാണ് പോകുന്നത്.

വാർത്താസമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ മൊയ്തീൻ കുട്ടി, പി.പി. മുഹമ്മദ് റാഫി, ഡോ. ഐ.പി. അബ്ദുസലാം, സഫർ കയാൽ, ഉമർഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, പി.ടി. അക്ബർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എൻ. മുഹമ്മദലി, ഷബീർ മണക്കാടൻ തുടങ്ങിയവരും പങ്കെടുത്തു.

 ആദ്യവിമാനം ഫ്ലാഗ് ഓഫ് 8.30ന്

ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 8.30ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവ്വഹിക്കും. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എം.എൽ.എമാരായ അൻവർ സാദത്ത്, പി.ടി.എ. റഹീം, ജില്ലാ കളക്ടർ ജാഫർ മാലിക്, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കും.

 യാത്രഅയപ്പ് സംഗമം വൈകിട്ട്
ഹജ്ജ് തീർത്ഥാടരുടെ ഔപചാരിക യാത്രഅയപ്പ് സംഗമം ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി അംഗം പി.വി. അബ്ദുൾ വഹാബ് എം.പി, ബെന്നി ബഹനാൻ എം.പി, എ.എം. ആരിഫ് എം. പി, ഡോ. കെ.ടി. ജലീൽ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.