പറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ ദേശീയപാത 66 നിർമ്മാണത്തിനായി ഭൂമിയേറ്റെടുത്തതിന്റെ നഷ്ടപരിഹാരമായി 1246 കോടിരൂപ വിതരണംചെയ്തു. ഇതിൽ 1052 കോടി രൂപ ഭൂഉടമകൾക്ക് നേരിട്ട് നൽകി. കൃത്യമായ രേഖകൾ നൽകാത്തവരുടെ നഷ്ടപരിഹാരത്തുകയായ 194 കോടിരൂപ എറണാകുളം ജില്ലാ കോടതിയിൽ കെട്ടിവച്ചു. രേഖകൾ നൽകാത്തവർ ഇനി തുക കോടതിയിൽനിന്ന് വാങ്ങണം. രേഖകൾ പൂർണമായി നൽകിയവരുടെ നഷ്ടപരിഹാരം നമ്പൂരിയച്ചൻ ആലിന് സമീപത്ത് പ്രവർത്തിക്കുന്ന ഭൂമിയേറ്റെടുക്കൽ സ്പെഷൽ ഡപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്ന് നൽകും. കുറച്ചുദിവസമായി നഷ്ടപരിഹാര വിതരണത്തിന് തടസമുണ്ടായെങ്കിലും അടുത്തദിവസംതന്നെ പരിഹരിച്ച് എത്രയുംവേഗം പൂർത്തിയാക്കാനാണ് ശ്രമം.
ഭൂമിയേറ്റെടുക്കൽ കഴിഞ്ഞമാസം 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇത് പൂർണമായില്ലെങ്കിലും അന്തിമഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ജില്ലയിൽ 31.44 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ദേശീയപാത അധികൃതർ. മേല്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടക്കുന്നുണ്ട്. നഷ്ടപരിഹാരം ലഭിച്ച പലരും തങ്ങളുടെ വീടുകളുടെയും കെട്ടിടങ്ങളുടെയും താക്കോൽ അധികൃതർക്ക് കൈമാറി. ചില കെട്ടിടങ്ങൾ പൊളിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതും മരങ്ങൾ വെട്ടി മാറ്റുന്നതുമുൾപ്പെടെയുള്ള പ്രവൃത്തികൾ ഈ മാസത്തോടെ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം.