വൈപ്പിൻ: വൈപ്പിൻ- ഗോശ്രീ ബസുകളുടെ എറണാകുളം നഗരപ്രവേശനം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതി ജംഗ്ഷനിൽ വാഗ്ദാന ലംഘനദിന പ്രതിഷേധസമരം നടത്തും. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.
ഗോശ്രീ പാലം തുറന്നതിനുശേഷം പതിനെട്ട് വർഷമായിട്ടും ജനസാന്ദ്രതകൂടിയ വൈപ്പിനിൽ താമസിക്കുന്നവർ നിത്യേന വിവിധ ആവശ്യങ്ങൾക്കായി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോകുന്നതിന് ഇന്നും ഹൈക്കോടതി ജംഗ്ഷനിൽനിന്ന് ബസ് മാറിക്കയറേണ്ട അവസ്ഥയാണ്. ഇതുമൂലം യാത്രാക്ലേശവും ധനനഷ്ടവും നേരിടുകയാണ്. മുനമ്പംമുതൽ ഫോർട്ട് വൈപ്പിൻവരെ വിശദീകരണ യോഗം നടത്തി ഒപ്പ് ശേഖരണം പൂർത്തിയാക്കിയശേഷം ജൂൺ അവസാനവാരം മുഖ്യമന്ത്രിക്ക് വൈപ്പിൻജനത ഒപ്പിട്ട ഭീമഹർജി നൽകും.