
കൊച്ചി: നിരോധിത പുകയില ഉത്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ബഹരി സ്വദേശി മൈഹർദാപാട്ടിയിൽ സന്തോഷ് കുമാർ (38) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ വല്ലാർപാടം ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് സ്കൂട്ടറിൽ ഒളിപ്പിച്ചനിലയിൽ 66.7 കിലോഗ്രാം പുകയില പിടിച്ചത്.
അവനീസ് എന്നയാൾ ബംഗാളിൽ നിന്ന് ട്രെയിനിൽ എത്തിക്കുന്ന പുകയില ഉത്പന്നങ്ങൾ ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുവച്ച് സന്തോഷിന് കൈമാറുകയായിരുന്നു. അവനീസിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. മുളവുകാട് ഇൻസ്‌പെക്‌ടർ തപോഷ് ബസുമതരിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്.ഐ. ജയപ്രകാശൻ, എ.എസ്.ഐ ശ്യാംകുമാർ, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.