കൊച്ചി: നടുറോഡിൽ അഭിഭാഷകനെ ക്രൂരമായി മർദ്ദിച്ച പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷികൂടിയായ ഹൈക്കോടതി ജഡ്‌ജി ഇടപെട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ 10ഓടെ എറണാകുളം ഫോർഷോർ റോഡിലായിരുന്നു സംഭവം. ഹൈക്കോടതി അഭിഭാഷകനായ ലിയോ കുര്യാക്കോസാണ് (29) മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. തൊടുപുഴ സ്വദേശി ജിയോ സെബാസ്റ്റ്യനാണ് പിടിയിലായത്.
വീട്ടിൽ നിന്ന് ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്നു ലിയോ. ഇദ്ദേഹത്തിന് മുന്നിലായി മറ്റൊരു കാറിൽ ജിയോയും. ഫോർഷോർ റോഡിൽ വച്ച് ജിയോയുടെ കാറിൽ ലിയോയുടെ കാർ തട്ടി. നിറുത്താതെ പോയ ലിയോയെ ജിയോ പിന്തുടർന്ന് തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ആ വഴി വന്ന ജസ്റ്റിസ് എൻ.നഗരേഷ് സംഭവം കണ്ടു. അദ്ദേഹം സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരനെക്കൊണ്ട് ജിയോയെ കസ്റ്റഡിയിലെടുപ്പിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യം ശേഖരിച്ച പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.