കൊച്ചി: എറണാകുളം നോർത്തിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അത്തിക്കാവ് ഗോകുൽഭവനിൽ ഗോകുൽ ബിജുവിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്യൂട്ടീഷ്യനായ ഗോകുൽ മൂന്നുമാസം മുമ്പാണ് കൊച്ചിയിൽ എത്തിയത്. നോർത്തിലെ ഒരു ലോഡ്ജിൽ മാസവാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഗോകുലിനെ ലോഡ്ജ് ജീവനക്കാരടക്കം കണ്ടിരുന്നു. വൈകിട്ട് ഹോട്ടൽ ജീവനക്കാരന് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് മുറിതുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.