p

കൊച്ചി: രാഹുൽ വിളിച്ചാൽ, മദപ്പാടിലാണേലും ഗോവിന്ദൻ അനുസരണക്കാരനാകും. കൊച്ചുകുട്ടിയെപ്പോലെ ചേർന്നു നിൽക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ രവിപുരം ഗോവിന്ദൻ ഇപ്പോൾ ബിസിനസുകാരനായ രാഹുലിന്റെ തറവാട്ടിലുണ്ട്. ജൂൺ ഒന്നിന് സുഖചികിത്സയ്ക്ക് കൊണ്ടുവന്നതാണ്.

ഗോവിന്ദന്റെ ആജീവനാന്ത പരിപാലനച്ചുമതല അമ്പലമേട് കുഴിക്കാട് ഉദയനാൽ വീട്ടിൽ രാഹുൽ ഏറ്റെടുത്തിരിക്കയാണ്. പ്രതീക്ഷിക്കാതെ വന്നുപെട്ട അപൂർവ സ്നേഹബന്ധത്തിന്റെ കഥ ഇങ്ങനെ:

രണ്ടരവർഷം മുമ്പ് തൃപ്പൂണിത്തുറ പൂർണത്രയീശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ രാഹുൽ, രവിപുരം ഗോവിന്ദന്റെ തുമ്പിക്കൈയിൽ കൗതുകം കൊണ്ടാണ് ഒരു പടല പഴം വച്ചുകൊടുത്തത്. അത് പിരിയാനാവാത്ത സ്നേഹമായി വള‍ർന്നു.

ഗോവിന്ദന്റെ താവളമായ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ പിന്നെ രാഹുൽ സ്ഥിരം സന്ദർശകനായി. പഴക്കുലകളും ഈന്തപ്പഴവും പാലിൽ കുറുക്കിയെടുത്ത ബദാം ജ്യൂസുമൊക്കെയായി രാഹുലെത്തിയാൽ പാപ്പാന് സ്ഥാനമില്ല.

60 വയസുള്ള ഗോവിന്ദന്റെ ചികിത്സാച്ചെലവുകളും രണ്ടു വർഷമായി വഹിച്ചുപോന്നത് രാഹുലാണ്. ഗോവിന്ദന് ഭക്ഷണവും മരുന്നുമെത്തിക്കാൻ ബൊലീറോ ജീപ്പും വാങ്ങി. മൂന്നു ജോലിക്കാരെയും വച്ചു.

ഒഴിഞ്ഞുകിടക്കുന്ന തറവാട്ട് വീട്ടുവളപ്പിലാണ് സുഖചികിത്സ. വീട് പാപ്പാനും സഹായികൾക്കും താമസത്തിനു നൽകി. ആനക്കമ്പക്കാരനേയല്ല രാഹുൽ. മറ്റ് ഗജവീരന്മാരെക്കുറിച്ച് പിടിയുമില്ല.

തൃപ്പൂണിത്തുറയിലാണ് രാഹുലും (30) ചാർട്ടേഡ് അക്കൗണ്ടന്റായ ഭാര്യ ശ്രീനന്ദിനിയും താമസിക്കുന്നത്. പൂർണശ്രീ എന്ന മൊബൈൽഫോൺ സ്റ്റോറുകളുടെ ഉടമയും മൊബൈൽ ഗാഡ്ജറ്റുകളുടെ ഡിസ്ട്രിബ്യൂട്ടറുമാണ് രാഹുൽ.

ബീഹാറി ഗോവിന്ദൻ

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആറ് ആനകളിൽ ഒന്നാണ് ബീഹാറിൽ നിന്നെത്തിച്ച ഗോവിന്ദൻ. നേവിയിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറലായിരുന്ന പരേതനായ പി.ഡി.മേനോൻ 1975ൽ എറണാകുളം രവിപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ നടയ്ക്കിരുത്തി.

ഗോവിന്ദൻ കുടുംബത്തിലെ ഒരാളെപ്പോലെയാണ്. ചെലവുകളെക്കുറിച്ച് ആലോചിക്കാറില്ല. ഗോവിന്ദനെ പിരിയാനാവില്ല.

എസ്.രാഹുൽ

രാഹുലിന്റെ അപേക്ഷയിലാണ് പരിപാലനച്ചുമതല നൽകിയത്. സുഖചികിത്സ കഴിഞ്ഞ് തിരികെ കൊണ്ടുവരും

വി.നന്ദകുമാർ, പ്രസിഡന്റ്,​

കൊച്ചിൻ ദേവസ്വം ബോർഡ്

15 ലക്ഷം

ആനയുടെ പരിപാലനത്തിന് ഒരു വർഷം വേണ്ടിവരുന്ന തുക. ഗോവിന്ദന് ഇതിന്റെ പകുതിയോളം രാഹുൽ മുടക്കുന്നുണ്ട്.