സ്കൂളിലെത്താൻ മെട്രോ യാത്ര മുതൽ 6 പദ്ധതികൾ
 പൂർവവിദ്യാർത്ഥികളുടെ സമ്മാനം
കൊച്ചി: കൊച്ചി നഗരത്തിന്റെ ഹൃദയത്തിൽ 117 വർഷമായി തലയെടുപ്പോടെ നിൽക്കുന്ന സ്കൂൾ - എസ്.ആർ.വി. പേരും പെരുമയും വാനോളം! പക്ഷേ, പഠിക്കാൻ വിദ്യാർത്ഥികൾ കുറവ്. ഈ സങ്കടംമാറ്റി സ്കൂളിന്റെ പഴയപ്രതാപം വീണ്ടെടുക്കാൻ കച്ചകെട്ടുകയാണ് പൂർവവിദ്യാർത്ഥി കൂട്ടായ്മ.
ആറോളം പദ്ധതികൾ ഇവർ ആവിഷ്കരിച്ചുകഴിഞ്ഞു. ഇതിലൊന്നാണ് ഈ അദ്ധ്യയനവർഷം മുതൽ കുട്ടികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര. രാവിലെയും വൈകിട്ടും മെട്രോയിലേറി സ്കൂളിലെത്താം. കൊച്ചി മെട്രോയുമായി സഹകരിച്ചാണ് പദ്ധതി. കൺസഷൻ ഇളവ് കഴിഞ്ഞ് ശേഷിക്കുന്ന തുക പൂർവവിദ്യാർത്ഥി കൂട്ടായ്മ വഹിക്കും.
നിലവിൽ 600ലധികം കുട്ടികളാണ് എസ്.ആർ.വി സ്കൂളിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഉന്നതപദവികളിലും നീതിന്യായരംഗം മുതൽ രാഷ്ട്രീയത്തിൽ വരെയും പ്രവർത്തിക്കുന്ന എസ്.ആർ.വി പൂർവവിദ്യാർത്ഥി കൂട്ടായ്മയിൽ.
ഉച്ചഭക്ഷണവും സ്പോർട്സും
പൂർവവിദ്യാർത്ഥി കൂട്ടായ്മ ആവിഷ്‌കരിച്ച മറ്റ് പദ്ധതികൾ:
• എല്ലാവർക്കും ഉച്ചഭക്ഷണം: ഒന്നുമുതൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം. ആഴ്ചയിൽ ഒരിക്കൽ മത്സ്യമാംസം.
• സൗജന്യ പുസ്തക വിതരണം: സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം നോട്ട് ബുക്കുൾപ്പെടെ നൽകും.
• സ്പോർട്സ് കോച്ചിംഗ്: ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ് ബാൾ, ബാഡ്മിന്റൺ, വോളിബാൾ, ടെന്നിസ്, ചെസ്സ് എന്നിവയ്ക്ക് പ്രത്യേക കോച്ചുമാരുടെ സൗജന്യ പരിശീലനം.
• കലാപഠനം: കുട്ടികൾക്ക് സൗജന്യ നൃത്ത, ചിത്രരചനാ പരിശീലനം.
• വ്യക്തിത്വ വികസനക്ലാസ്: പൂർവവിദ്യാർത്ഥികളായ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടുന്നവർ നേതൃത്വം നൽകും. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്.
''സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഇതുവഴി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ""
ബി.ആർ.അജിത്,
പ്രസിഡന്റ്,
എസ്.ആർ.വി ഒ.എസ്.എ
''കൊച്ചി കോർപ്പറേഷനിൽ നിന്ന് എസ്.ആർ.വി സ്കൂളിലെ അടിസ്ഥാനവികസനത്തിനായി ഫണ്ട് ഉറപ്പാക്കും. മേയറുമായി ഇക്കാര്യം സംസാരിച്ചു""
പത്മജ എസ്.മേനോൻ,
കൗൺസിലർ,
കൊച്ചി കോർപ്പറേഷൻ
''ഇത്തരം മികച്ച പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൂടുതൽ വിദ്യാർത്ഥികൾ എസ്.ആർ.വിയിൽ എത്തുമെന്നാണ് പ്രതീക്ഷ""
മാധുരി ദേവി,
പ്രധാന അദ്ധ്യാപിക,
എസ്.ആർ.വി യു.പി.എസ്