kave

കളമശേരി: ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് പൊന്നക്കുടം ഭഗവതി ട്രസ്റ്റിനു കീഴിലുള്ള നാല് ഏക്കർ ചെറുവനം. 460 ൽ പരം അപൂർവ്വ സസ്യജാലങ്ങൾ, 60 ഇനം പക്ഷികൾ, ജന്തുജാലങ്ങൾ, വ്യത്യസ്ത ചിത്രശലഭങ്ങൾ, നക്ഷത്രവനം, ഒരേക്കറിൽ ഭഗവതി ക്ഷേത്രം... എല്ലാം ചേർന്ന മനോഹരമായ കാഴ്ച. ഐതിഹ്യപ്പെരുമ നിറഞ്ഞ തൃക്കാക്കര മഹാക്ഷേത്രത്തിൽനിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് പൊന്നക്കുടം കാവ്. 150 വർഷത്തെ പഴക്കമുള്ള പൊന്നക്കുടം തറവാട് എട്ടുകെട്ടാണ്. കാവിന് മൂന്നുനൂറ്റാണ്ട് പഴക്കമുണ്ട്. I12 പേരടങ്ങുന്ന കുടുംബട്രസ്റ്റാണ് മേൽനോട്ടം. അഡ്വ.പി.എസ്. ഗോപിനാഥാണ് പ്രസിഡന്റ്. പരിസ്ഥിതി പ്രവർത്തകനും റബ്ബർ ബോർഡിൽനിന്ന് വിരമിച്ച ജോയിന്റ് പ്രൊഡക്ഷൻ കമ്മീഷണറുമായിരുന്ന പി.കെ .രാമചന്ദ്രനാണ് വൈസ് പ്രസിഡന്റ്.

വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും: ചൂരൽ, ഞാവൽ, പൈൻമരം, പുല്ലാനി വള്ളികൾ, കരക്കണൽ, മട്ടക്ക, ഓടപ്പഴം, പനമ്പുവള്ളി, പന്നൽ വർഗങ്ങൾ, കൂൺവർഗം ,ശിംശിപ, മരോട്ടി, കടുക്ക, രുദ്രാക്ഷം, അങ്കോലം, ഇലവങ്കം, കരിക്കോട്ട, കുടകപ്പാല/കുമ്പിൾ, പതിരി, പലകപ്പയ്യാനി, നീർമാതളം, ചന്ദനം, ഗുൽഗുൽപ്പു, കർപ്പൂരം, മഹാഗണി , വള്ളിമന്ദാരം ,പുന്ന കരിമരം തുടങ്ങിയവ.

പക്ഷികൾ: ഓലഞ്ഞാലി, (പാപ്പിടിയൻ,.കൊക്കൻ തേൻകിളി, ഇരട്ടതലച്ചി ബുൾബുൾ, കരിയിലക്കിളി, നാട്ടുകുയിൽ, മങ്ക തേൻകിളി, നാട്ടുബുൾബുൾ, കാവി, നാക മോഹൻ, നാട്ടുമൈന, നാട്ടുവേലിതത്ത, കലാംകോഴി, വെള്ളിമൂങ്ങ, തവിടൻ നെല്ലി കോഴി, അരിപ്രാവ്, കന്യാസ്ത്രീ കൊക്ക് തുടങ്ങി 60 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

രാശി വൃക്ഷങ്ങൾ: ദന്തപ്പാല - മിഥുനം, പ്ലാശ് - കർക്കടകം, ഇലന്ത - ചിങ്ങം, മാവ് - കന്നി, ഇലഞ്ഞി - തുലാം, കരിങ്ങാലി - വൃശ്ചികം, അരയാൽ - ധനു, വെട്ടി - മകരം, വഹ്നി - കുംഭം, പേരാൽ -മീനം, കൂടാതെ നക്ഷത്രവനവും.

ജീവികൾ: മരപ്പട്ടി, വെരുക്, കീരി, അണ്ണാൻ, പാമ്പുകൾ

വനം വകുപ്പിന്റെയും കേന്ദ്ര ഔഷധസസ്യ ബോർഡിന്റെയും ധനസഹായവും ലഭിക്കുന്നുണ്ട്. പ്രശസ്തവ്യക്തികളും ഗവേഷക വിദ്യാർത്ഥികളും നിത്യ സന്ദർശകരാണ്. സിനിമാക്കാരുടെ പ്രിയപ്പെട്ട ലോക്കേഷനുമാണ്.