haris
ഹാരിസ്

കോലഞ്ചേരി: ടാങ്കർ ലോറിയിൽനിന്ന് ആസിഡ് ഊറ്റിയെടുത്ത് വില്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞൂർ പാറപ്പുറം അപ്പേലിവീട്ടിൽ ഹാരിസിനെയാണ് (35) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തത്. മാനാന്തടത്തുള്ള പോളി ഫോർമാലിൻ കമ്പനിയിലേക്ക് കൊണ്ടുവന്ന അസറ്റിക്ക് ആസിഡാണ് ഊറ്റിയത്. ആയിരം ലിറ്ററോളം ഊറ്റിയശേഷം വെള്ളവും ഇഷ്ടികയും കയറ്റിവച്ച് തൂക്കം ശരിയാക്കി തട്ടിപ്പ് നടത്തുകയായിരുന്നു.

മുംബെയിൽ നിന്നാണ് ആസിഡ് കൊണ്ടുവന്നത്. അവിടെ വഴിയരികിൽ വച്ചുതന്നെ ഊറ്റുകയും വരുന്നവഴിയിൽ വില്പന നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലാണ് സംഭവം. തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പ്രത്യേക അന്വേഷണസംഘം മാമലഭാഗത്തുനിന്നാണ് പിടികൂടിയത്. പുത്തൻകുരിശ് ഡിവൈ.എസ്.പി ജി.അജയ്‌നാഥിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.എ. രമേശൻ, എ. എസ്.ഐമാരായ ജിനു ജോസഫ്, മനോജ്കുമാർ എസ്.സി.പി.ഒ ഡിനിൽ ദാമോദരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.