മൂവാറ്റുപുഴ:കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട ടൂവീലർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടം.

ആലുവ ഭാഗത്ത് നിന്നും വരുകയായിരുന്നു കണ്ടെയ്നർ ലോറിക്കടിയിൽ ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിൽ നിന്നുവന്ന ടൂവീലർ പെടുകയായിരുന്നു. റോഡ് ക്രോസ് ചെയ്യവെയാണ് ടൂവീലർ ലോറിക്കടിയിൽപ്പെട്ടത്. ലോറി ഡ്രൈവർ സഡൻ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ടൂവീലർ യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ടൂവീലറിൽ വന്ന രണ്ടുപേർക്കും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. ഓടിക്കൂടിയ നാട്ടുകാർ ജാക്കിവച്ച് ലോറി പൊക്കിയശേഷമാണ് ടൂവീലർ പുറത്തെടുത്തത്. നഗരമദ്ധ്യത്തിലെ തിരക്കേറിയ ജംഗ്ഷനിലെ അപകടം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി. പൊലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.