#തമിഴ്‌നാട് മന്ത്രി ജിൻജി കെ.എസ്. മസ്താൻ ഒമ്പതിന് എത്തും
നെടുമ്പാശേരി: ഹജ്ജിന് പോകാൻ ഹജ്ജ് കമ്മിറ്റിവഴി തമിഴ്‌നാട്ടിൽനിന്ന് പുറപ്പെടുന്നവർക്കായി നെടുമ്പാശേരിയിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. തമിഴ്‌നാട് സർക്കാരിന്റെയും തമിഴ്നാട് ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഒരുക്കം.
തീർത്ഥാടകർക്കൊപ്പം ഹജ്ജ് കാര്യ ചുമതലയുള്ള തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ജിൻജി കെ.എസ്. മസ്താന്റെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രതിനിധിസംഘം മേയ് ഒമ്പതിന് നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തും. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്കും കൊച്ചി എംബാർക്കേഷൻ പോയിന്റായി നിശ്ചയിച്ചതോടെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴിയാണ് ഇത്തവണ ഇവരുടെ യാത്ര. 1434 പേരാണ് നെടുമ്പാശേരിയിലെത്തുക. ഇത്രദൂരം യാത്രചെയ്യാനുള്ള അസൗകര്യവും മറ്റും ചൂണ്ടിക്കാട്ടി ചെന്നൈ എംബാർക്കേഷൻ പോയിന്റ് നിലനിർത്തണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കമുള്ളവർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നെടുമ്പാശേരിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്.
ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്നവർക്കുള്ള സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയെങ്കിലും തീർത്ഥാടകർക്ക് സ്വന്തംനിലയിൽ സബ്‌സിഡി അനുവദിക്കുമെന്നും തമിഴ്‌നാട് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 12 മുതൽ 16 വരെയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നെടുമ്പാശേരിയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും തമിഴ്നാട് സർക്കാർ ചെലവിൽ താമസസൗകര്യം ഒരുക്കും. ഇതിനായി വിമാനത്താവളത്തിന് സമീപത്തെയും പരിസര പ്രദേശങ്ങളിലേയും വിവിധ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. ഹജ്ജ് കർമ്മം പൂർത്തിയാക്കിയശേഷം ജൂലായ് 24മുതൽ ഓഗസ്റ്റ് ഒന്നുവരെയാണ് ഇവർ നെടുമ്പാശേരിയിൽ മടങ്ങിയെത്തുന്നത്.