മൂവാറ്റുപുഴ: ജൂൺ അവസാനം നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് മൂവാറ്റുപുഴ ഉപജില്ലയിൽ വിവിധ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് തുടക്കം. അവധി ദിവസങ്ങളിൽ ഗവ.ടൗൺ യു.പി. സ്കൂളിലും സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലുമായി റെഗുലർ ക്ലാസുകൾ നടക്കുന്നുണ്ട്. കൂടാതെ തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈൻ ക്ലാസും പുരോഗമിക്കുന്നു.

ഈ വർഷം എൽ.എസ് .എസ് പരീക്ഷ എഴുതുന്ന നാലാം ക്ലാസിലെ 180 കുട്ടികളും യു.എസ്.എസ് പരീക്ഷ എഴുതുന്ന 160 കുട്ടികളുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഉപജില്ലയിലെ സേവനസന്നദ്ധരായ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. പഠനസാമഗ്രികളുടെ വിതരണോദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ നിർവഹിച്ചു. സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം. ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, എൽ.എസ്.എസ് കോ-ഓർഡിനേറ്റർ കെ.എം.നൗഫൽ, ജൗഹർ ഫരീദ്, റസീന മോൾ, രാജി പി. ശ്രീധർ, സൂസൻ കോരത്ത്, കെ.എം. ജമീല എന്നിവർ സംസാരിച്ചു.