
തൃപ്പൂണിത്തുറ: അന്ധകാരത്തോടിന് കുറുകേ നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ബൈക്ക് യാത്രികനായ യുവാവ് വീണുമരിച്ച വാർത്ത തൃപ്പൂണിത്തുറ നിവാസികൾക്ക് ഞെട്ടലായി.
അന്ധകാരത്തോടിന് കുറുകെ ഭാഗികമായി പൂർത്തിയാക്കിയ കലുങ്കിന് ഇരുവശത്തുമുള്ള അഗാധഗർത്തം ദൂരെ നിന്നുവരുന്ന വാഹനങ്ങൾക്ക് ദൃശ്യമല്ല. അപകടസൂചന നൽകുന്ന മുന്നറിയിപ്പൊന്നും പാലത്തിലില്ലാതിരുന്നതും വിനയായി. ഉദയംപേരൂർ, കുരീക്കാട് ഭാഗത്ത് നിന്ന് തൃപ്പൂണിത്തുറയ്ക്ക് വരുന്നവരുടെ പ്രധാന ആശ്രയമാണ് ഈ റോഡ്.
രണ്ടുദിവസം മുമ്പാണ് പാലത്തിന് താഴെ കോൺക്രീറ്റ് ചെയ്തത്. പണിക്കുശേഷം മുന്നറിയിപ്പ് ബോർഡ് വച്ചതുമില്ല. സംഭവത്തിനുശേഷം ഇന്നലെ രാവിലെ കരാറുകാർ റോഡിൽ തടസ്സങ്ങൾവച്ചെങ്കിലും രോഷാകുലരായ നാട്ടുകാർ എടുത്തു മാറ്റി.
12 കോടിയുടെ തോട് നവീകരണ പദ്ധതി കരാർപ്രകാരം പൂർത്തിയാക്കാത്ത ആൾക്കുതന്നെ 1.5 കോടിയുടെ കലുങ്ക് നിർമ്മാണക്കരാർ നൽകിയത് അഴിമതിയാണെന്നും നഗരസഭയും പി.ഡബ്ള്യു.ഡിയും മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.