മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ബൈപ്പാസ് ആയ ഇ.ഇ.സി.മാർക്കറ്റ് റോഡിലെ ടാറിംഗ് ആരംഭിച്ചു. ഒന്നേകാൽകോടിരൂപ ചെലവിൽ ബി.എം.ബി.സി.നിലവാരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. നഗരസഭയുടെ കീഴിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തശേഷമുള്ള ആദ്യ ടാറിംഗ് ആണിത്.

എം.സി.റോഡിലെ വെള്ളൂർകുന്നം കവലയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കീച്ചേരി പടിയിൽ അവസാനിക്കുന്ന ഒന്നേകാൽ കിലോമീറ്റർ ദൂരം വരുന്നറോഡ് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി. കാൽ നൂറ്റാണ്ട് മുമ്പ് നഗരസഭ മുൻകൈയെടുത്താണ് ഇ.ഇ.സി റോഡ് നിർമ്മിച്ചത്. റോഡിന്റ ഇ.ഇ.സി മാർക്കറ്റിന്റെ ഭാഗം വരെയാണ് നഗരസഭ നിർമിച്ചത്. ബാക്കി ഭാഗം പൊതുമരാമത്ത് വകുപ്പിന്റതാണ്.എന്നാൽ റോഡിന്റ അറ്റകുറ്റപ്പണികൾ മുഴുവനായി നഗരസഭ ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർബന്ധം പിടിച്ചിരുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ മുടങ്ങിയത്. ഉന്നത ഇടപെടലുകളെ തുടർന്ന് നാലുവർഷം മുമ്പാണ് റോഡ് ടാർ ചെയ്തത്. പക്ഷ വീണ്ടും റോഡ് പൊളിഞ്ഞു. തർക്കത്തെതുടർന്നു അറ്റകുറ്റപ്പണികൾ വീണ്ടും നടക്കാതെ പോയി. ഇതേ തുടർന്ന് മുൻ എം.എൽ.എ. എൽദോ എബ്രഹാം മുൻകൈയെടുത്ത് തർക്കം പരിഹരിക്കുകയായിരുന്നു. ഇതോടെ റോഡിനെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു.റോഡിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.