പറവൂർ: പറവൂർ - വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുന്നു.20ന് സൂചന പണിമുടക്കും ജൂലായ് അഞ്ച് മുതൽ അനിശ്ചിതികാല പണിമുടക്കം നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് കോ ഓഡിനേഷൻ കമ്മിറ്റി നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസം ചേർന്ന തൊഴിലാളി യൂണിയൻ ഭാരവാഹികളുടെ യോഗത്തിലാണ് പണിമുടക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 11ന് ബസുടമകളുടെ സംഘടനയ്ക്ക് തൊഴിലാളികൾ അവകാശ പത്രിക സമർപ്പിച്ചിരുന്നു. ഇതിലെ ആവശ്യങ്ങൾ നടപ്പായിരുന്നില്ല.

പറവൂർ - വൈപ്പിൻ മേഖലകളിൽ 250ലധികം സ്വകാര്യ ബസുകളാണുള്ളത്. 2015 എഗ്രിമെന്റ് പ്രകാരം ഡ്രൈവർക്ക് 870, കണ്ടക്ടർക്ക് 730, ഡോർ ചെക്കർ 630 ആണ് കൂലി. തൊഴിലാളി യൂണിയനുകളുടെ നിരന്തര ആവശ്യപ്രകാരം ഏഴ് വർഷത്തിനുള്ളിൽ ചെറിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇത് ഉടമകളും തൊഴിലാളികളും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരമല്ല. ഇപ്പോൾ ഡ്രൈവർക്ക് 940, കണ്ടക്ടർക്ക് 800, ഡോർ ചെക്കർക്ക് 700മാണ് ലഭിക്കുന്നത്. ഇതിന്റെ അമ്പത് ശതമാനം വർദ്ധനവാണ് തൊഴിലാളി കോ- ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.മറ്റു തൊഴിൽ മേഖലയിലെ കൂലിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ കൂലിയിലാണ് ബസ് തൊഴിലാളികൾ ലഭിക്കുന്നതെന്ന് കോ ഓഡനേഷൻ കമ്മിറ്റി കൺവീനർ കെ.എ. അയകുമാർ പറഞ്ഞു.

-----------------------------------------

ഡോർ ചെക്കറെ ഒഴിവാക്കിയതും നിരവധിപേരെ പ്രതിസന്ധിയിലാക്കിയിരുന്നു

സ്വകാര്യ ബസുകളിൽ നിന്ന് ഡോർ ചെക്കർമാരെ ഒഴിവാക്കിയത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. കണ്ടക്ടർക്ക് ടിക്കറ്റ് കൊടുക്കുന്നതിന് പുറമേ ഇരുവാതിലുകളും ശ്രദ്ധ കൊടുക്കാൻ സാധിക്കാറില്ല. ചെറിയ അശ്രദ്ധയുണ്ടായാൽ അപകടത്തിന് സാധ്യതയുണ്ട്.