kri

പെരുമ്പാവൂർ: സംസ്ഥാന കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് 9ന് നടക്കും.

രാവിലെ 10 മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയും മന്ത്രി ഉദ്ഘടാനം ചെയ്യും. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും.

ഒരേക്കറോളം സ്ഥലത്ത് വെണ്ട, വഴുതന, പയർ, വെള്ളരി, മുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. രായമംഗലം കൃഷി ഭവനിൽ നിന്നും ഓടയ്ക്കാലി സസ്യഗവേഷണകേന്ദ്രത്തിൽ നിന്നുമാണ് വിത്തുകൾ ശേഖരിച്ചത്. ശാസ്ത്രീയമായ രീതിയിൽ ജൈവമാർഗങ്ങൾ അവലംബിച്ചുള്ള കൃഷിയിൽ ജലസേചനത്തിന് തുളളിനന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് കൃഷി പരിശീലനം നൽകുന്നത്. സ്‌കൂളിലെ ആവശ്യങ്ങൾ കഴിഞ്ഞുളള ഉത്പന്നങ്ങൾ കീഴില്ലം സഹകരണബാങ്കിന്റെ ഇക്കോഷോപ്പ് മുഖേനയാണ് വിപണനം ചെയ്യുന്നത്.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചും മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കിയും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചും ഹരിത വിദ്യാലയം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സുമിത ബിന്ദു, വൈസ് പ്രിൻസിപ്പൽ സിന്ധു എം.ജോർജ്, പി.ടി.എ.പ്രസിഡന്റ് ജോയ് ജോസഫ് എന്നിവരും പങ്കെടുത്തു.