ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മരതകത്തോപ്പ് പദ്ധതിയിൽപ്പെടുത്തി ഇന്ന് 150 ഫലലൃക്ഷത്തൈകൾ നടും. മഹാത്മാ ഗാന്ധി മുനിസിപ്പൽ ടൗൺഹാൾ, മുനിസിപ്പൽ ലൈബ്രറി എന്നിവയുടെ കോമ്പൗണ്ടുകളിലും മാർവാർ ജംഗ്ഷനിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തുമാണ് വൃക്ഷത്തൈകൾ നടുന്നത്.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് വൃക്ഷത്തൈ നടൽ. സെന്റ്.സേവ്യേഴ്‌സ് കോളജ് പ്രിൻസിപ്പൽ പ്രഫ. മിലൻ ഫ്രാൻസ് ഉദ്ഘാടനംചെയ്യും. ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത ആലുവ എന്ന പദ്ധതിക്ക് കീഴിൽ ബോധവത്കരണം നടത്തും. ഇതോടനുബന്ധിച്ച് 25ന് നഗരസഭ കോൺഫറൻസ് ഹാളിൽ സെമിനാർ ഉണ്ടാവും.
ആഘോഷ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ജനറൽ കൺവീനർ എം.എൻ. സത്യദേവൻ, കൗൺസിലർമാരായ കെ. ജയകുമാർ, ജയ്‌സൺ പീറ്റർ, ആലുവ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ. വിജയൻ എന്നിവർ പങ്കെടുത്തു.