ആലുവ: ചൂർണിക്കര പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കുമെല്ലാം തെരുവ് നായകൾ ഭീഷണിയാവുകയാണ്. മാലിന്യ പ്രശ്‌നമാണ് തെരുവ് നായ ശല്യം വർദ്ധിക്കുന്നതിന് പ്രധാന കാരണം. അലക്ഷ്യമായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നത് പലയിടങ്ങളിലും പതിവായിക്കഴിഞ്ഞു.

രാവും പകലും വ്യത്യാസമില്ലാതെയാണ് റോഡിൽ തെരുവ് നായ്കക്കൾ അലയുന്നത്. കാൽനടക്കാർക്കും ഇരുചക്രവാഹന നായകൾ ഭീഷണിയാകുന്നുണ്ട്. വളർത്തുമൃഗങ്ങളും കോഴികളും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുകയാണ് . കഴിഞ്ഞ ദിവസം രാത്രി കുന്നത്തേരിയിൽ ഒരു വീടിന്റെ മതിൽ ചാടിക്കടന്ന് അഞ്ചു മുയലുകളെയും രണ്ടു കോഴികളെയും നായകൾ ആക്രമിച്ചു കൊന്നിരുന്നു. ഒരു വീട്ടിലെ ഏഴു കോഴികളും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായി. തുരത്തി ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥനെയും നായകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുനി‌ഞ്ഞു. നായകളെ ഭയന്നാണ് സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്ര.

തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ട അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.