gee

പെരുമ്പാവൂർ: പന്ത്രണ്ടുപേർക്ക് തലചായ്ക്കാൻ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത് പ്രവാസിയുടെ കാരുണ്യം. നാലു പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന രായമംഗലം വട്ടേക്കാലിൽ വീട്ടിൽ വി.സി. ഗീവർഗീസാണ് ഇക്കാലത്തും വറ്റാത്ത മനുഷ്യകാരുണ്യത്തിന്റെ പ്രതീകമായി മാറുന്നത്. ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ വഴിയും ഫാ. ഡേവിസ് ചിറമേലിന്റെ സഹകരണത്തോടെയും 12 ഗുണഭോക്താക്കൾക്കുമായി ഇവിടെ വീടുകൾ ഉയരും.

ഫാ. ഡേവിസ് ചിറമേൽ, ഡോ. ഗോപിനാഥ് മുതുകാട് തുടങ്ങിയവർക്കൊപ്പം ചേർന്ന് ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് ഗീവർഗീസ്. രായമംഗലം പഞ്ചായത്തിൽ പീച്ചനാംമുകളിൽ തനിക്ക് കുടുംബസ്വത്തായി ലഭിച്ച 60 സെന്റ് സ്ഥലം 4 സെന്റ് വീതം വഴിസൗകര്യത്തോടെ 12 പേർക്ക് തലചായ്ക്കാൻ ഇടമൊരുക്കുന്നതിനായി ഗീവർഗീസ് ഇന്നലെ ഗുണഭോക്താക്കൾക്ക് ആധാരം ഉൾപ്പെടെ എഴുതിക്കൊടുത്തു. മിനി ആന്റണി സ്രാമ്പിക്കൽ, വത്സാ ജോസ്, ബിജു പോൾ, മിനി തോമസ്, ലിജി റോയി, ബിന്ദു ബിജു, ഗീതാ സിജു, മറിയാമ്മ കുര്യാക്കോസ് എന്നിവർക്കാണ് ആധാരങ്ങൾ നൽകിയത്. അവശേഷിക്കുന്ന 4 ഗുണഭോക്താക്കളെ അടുത്ത ദിവസം കണ്ടെത്തും.
യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപാ ജോയി, പഞ്ചായത്ത് മെമ്പർ രാജി, ഫാ. വർഗീസ് കുട്ടലിൽ കോർഎപ്പിസ്‌ക്കോപ്പ, ഫാ.എൽദോസ് എന്നിവരെ കൂടാതെ ഗീവർഗീസിന്റെ മകൾ സ്‌നേഹ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിവർ പങ്കെടുത്തു.