t
അപകടത്തിൽ മരിച്ച വിഷ്ണു

തൃപ്പൂണിത്തുറ: പാലം നിർമ്മാണം നടക്കുന്ന മാർക്കറ്റ് റോഡിലെ അന്ധകാരത്തോട്ടിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. എരൂർ വടക്കേവൈമീതി വാലത്ത് വീട്ടിൽ മാധവന്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദർശിന് നട്ടെല്ലിന് പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടം. പുതിയകാവ് ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേയ്ക്ക് ജോലികഴിഞ്ഞ് തിരികെ വരികയായിരുന്നു ഇരുവരും. പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

രണ്ടുദിവസംമുമ്പ് പാലത്തിന്റെ താഴെ കോൺക്രീറ്റ് ഇട്ടിരുന്നു. പണിക്കുശേഷം റോഡിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കാതിരുന്നതാണ് വിനയായത്. വിഷ്ണുവിന്റെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. വിഷ്ണു ഫാബ്രിക്കേഷൻ ജീവനക്കാരനാണ്. മാതാവ്: തിലോത്തമ. സഹോദരി ഗീതു.