പെരുമ്പാവൂർ: വർണാഭമായ പ്രവേശനോത്സവത്തോടെ അങ്കണവാടികൾ തുറന്നു. തോരണം കെട്ടി അണിഞ്ഞൊരുങ്ങിയ അങ്കണവാടികളിൽ കുരുന്നുകൾ ചിരിച്ചും കരഞ്ഞും അറിവിന്റെ ആദ്യ ചുവടുകൾ വയ്ക്കാനെത്തി. കുട്ടികൾക്ക് കളിക്കാൻ ബലൂൺ, തലയിലണിയാൻ കടലാസു തൊപ്പി, നുകരാൻ മധുരം.. എല്ലാം ഒരുക്കിവച്ചിരുന്നു.

പെരുമ്പാവൂർ നിയോജക മണ്ഡലതല പ്രവേശനോത്സവം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നടൻ ജയറാം സ്‌പോൺസർ ചെയ്ത പഠനോപകരണങ്ങൾ എൻ.എ. ലൂക്ക്മാന്റെ കയ്യിൽ നിന്നും എം.എൽ.എ ഏറ്റുവാങ്ങി.

കോവിഡ് മൂലം രണ്ടു വർഷത്തോളം അങ്കണവാടികൾ അടഞ്ഞുകിടക്കുകയായിരുന്നു. 2020 മാർച്ച് 11 നാണ് പ്രവർത്തനം നിർത്തിയത്. ഇടയ്ക്ക് തുറന്ന് നവംബറിൽ പ്രവേശനോത്സവം നടത്തിയെങ്കിലും മൂന്നാം തരംഗത്തിന്റെ വരവോടെ വീണ്ടും താഴുവീണു. ഈ വർഷം ഫെബ്രുവരി 13 നാണ് വീണ്ടും സജീവമാകുന്നത്.

പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന മൂന്നാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബീവി അബൂബക്കർ, സി.എ. സിറാജ്, മഹല്ല് പ്രസിഡന്റ് അബ്ദുൽ, സലാം, ഐ.സി.ഡി.എസ് സൂപ്പർവൈസ് ഓഫീസർ സുഹറ ബീവി, ഷാജി കുന്നത്താൻ, കെ.എ. മുസ്തഫ, എൻ.എ. ഹസ്സൻ, കെ.എ.മൊയ്തീൻ, അങ്കണവാടി ടീച്ചർ ശാന്ത,വർക്കർ നബീസ, ആശാവർക്കർ സരിത അപ്പു തുടങ്ങിയവർ സംബന്ധിച്ചു.