
തൃപ്പൂണിത്തുറ: സംസ്കൃത ഉപരിപഠനത്തിന് വേണ്ടി കൊച്ചി രാജാവ് സ്ഥാപിച്ച തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജ് ആധുനിക സൗകര്യങ്ങളോടെ പ്രതാപം വീണ്ടെടുക്കുന്നു. 57 വിദ്യാർത്ഥിനികൾക്ക് താമസിക്കുവാനുള്ള 26 മുറികളുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും.
സംസ്കൃത പഠനത്തിൽ അഞ്ചാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം വരെയുള്ള ക്ലാസുകളാണുള്ളത്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന കോളേജിനെ പുത്തൻ നിലവാരത്തിലേക്ക് ഉയർത്താൻ 4 കോടി 70 ലക്ഷം രൂപ ചെലവിലാണ് മൂന്നു നിലകളിലായി ലേഡീസ് ഹോസ്റ്റൽ നിർമ്മിച്ചിട്ടുള്ളത്. കിഫ്‌ബി ഫണ്ടിൽ നിന്ന് 5 .77 കോടി ചെലവിൽ അക്കാഡമിക്ക് കം അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഒരുങ്ങുന്നുണ്ട്. റൂസ ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ച് അക്കാഡമിക് ബിൽഡിംഗിന്റെ നിർമ്മാണവും ഓഡിറ്റോറിയത്തിന്റെ പുനരുദ്ധാരണവും പുരോഗമിക്കുന്നു.
താളിയോല ഗ്രന്ഥങ്ങളുടെ ശേഖരമായ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഈ കോളേജിൽ മാത്രമാണുള്ളത്. ഇടയ്ക്കു നിന്നു പോയ രവിവർമ്മ സംസ്കൃത ഗ്രന്ഥാവലി എന്ന പ്രസിദ്ധീകരണ വിഭാഗവും പൂർണ്ണത്രയീ എന്ന ഗവേഷണ പത്രികയും വീണ്ടും പ്രസിദ്ധീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കോളേജ് ചെയർമാൻ ഡോ. കെ.ജി പൗലോസ് പറഞ്ഞു. രാവിലെ 9 .30 നു നടക്കുന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് മുഖ്യാതിഥിയായിരിക്കും