കൂത്താട്ടുകുളം: ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയ ആന്ധ്രാ സ്വദേശി അപകടനില തരണം ചെയ്തു. ഗുണ്ടൂർ ഉപ്പലപ്പാട് പേടക്കാനം രാജേഷ് മാന്നെ എം. വെങ്കടേശ്വരറാവുവിനെ (32) ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് കൂത്താട്ടുകുളം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ബോധരഹിതനായ നിലയിൽ യുവാവിനെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത് കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കം തോന്നിക്കുന്ന മുറിവിൽ അണുബാധയേറ്റിരുന്നു.
പുത്തൻകുരിശ് ഡിവൈഎസ്.പി ജി. അജയ്‌നാഥിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവാവിന് മാനസികവൈകല്യമുണ്ടെന്ന് കണ്ടെത്തി. യുവാവ് സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾ കൂത്താട്ടുകുളത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.