
തൃപ്പൂണിത്തുറ: പുതിയകാവ് പാവംകുളങ്ങര തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന മിൽമ ബൂത്തിൽ തീപിടിത്തം. രാജേഷ് മിൽമ എന്ന സ്ഥാപനവും അനുബന്ധ ബേക്കറിയും പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് സംഭവം. ഇടിമിന്നൽ ഏറ്റുണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകട കാരണം. മുകൾ നിലയിൽ താമസിക്കുന്ന ഉടമ ശക്തമായ പൊട്ടിത്തെറി ശബ്ദം കേട്ട് എത്തി അഗ്നിശമനസേനയെയും കെ.എസ്.ഇ.ബിയെയും വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം എത്തിയ അഗ്നി സുരക്ഷാ സേന ദ്രുതഗതിയിൽ പ്രവർത്തിച്ചെങ്കിലും അതിനോടകം തന്നെ എല്ലാം നശിച്ചിരുന്നു. ഫ്രീസറുകൾ, കൂളറുകൾ, ടീ മെഷിൻ എന്നീ ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ രാജേഷ് അറിയിച്ചു.