കുറുപ്പംപടി: കുറുപ്പംപടി മർച്ചന്റ് അസോസിയേഷൻ തിരഞ്ഞെടുപ്പും പൊതുയോഗവും നിയമ വിരുദ്ധമെന്ന ആരോപണവുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. ജൂൺ 10ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സംഘടനാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. പൊതുയോഗ നോട്ടീസും വരവ് ചിലവ് കണക്കുകളും പതിനഞ്ച് ദിവസം മുൻപ് പ്രസിദ്ധീകരിക്കണമെന്നാണ് നിയമാവലിയിൽ പറയുന്നത്. എന്നാൽ ഇക്കുറി മുൻ തിയതി വച്ച്

പ്രവർത്തന റിപ്പോർട്ട് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിഡന്റ് ബേബി കിളിയായത്തിന്റെ നേതൃത്വത്തിലെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങളും ഒരു വിഭാഗം വ്യാപാരികൾ ഉന്നയിക്കുന്നു. നിർദ്ധനർക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്തതിലെ ക്രമക്കേടാണ് ആരോപണങ്ങളിൽ പ്രധാനം. കുറുപ്പംപടി ടൗണിൽ എത്തുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നതിൽ വൻ അഴിമതി നടത്തിയെന്നും ചൂണ്ടിക്കാട്ടിയ യൂത്ത് വിംഗ് പ്രസിഡന്റിനെ പുറത്താക്കിയത് തെറ്റായിപ്പോയെന്നും ആക്ഷേപമുണ്ട്. കൂടാതെ പ്രളയ, കാെവിഡ് സമയങ്ങളിലെ ക്ഷേമപ്രവർത്തനങ്ങൾ ഏകപക്ഷീയമായെന്നും ഒരുകൂട്ടം വ്യാപാരികൾ ആരോപിക്കുന്നു. ഭരണസമിതി വൻ അഴിമതിയും തിരിമറിയും നടത്തിയെന്നാണ് ജോയിന്റ് സെക്രട്ടറി പി. എസ്. ബേബി ഉൾപ്പെടെയുള്ളവരുടെ ആരോപണം. പ്രസിഡന്റിന് കുറുപ്പംപടിയിൽ വ്യാപാര സ്ഥാപനം ഇല്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനാ ചട്ടങ്ങൾ അനുസരിച്ച് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തണമെന്നാണ് ഭൂരിപക്ഷം വ്യാപാരികളുടെയും ആവശ്യം.