bmw

കൊച്ചി: ബി.എം.ഡബ്ള്യു കാറുകളിൽ നൂതന ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ ഒരുക്കാൻ കേരളം ആസ്ഥാനമായ ആക്‌സിയ ടെക്‌നോളജീസ് പങ്കാളിയാകും. നാവിഗേഷൻ രംഗത്തെ ആഗോള കമ്പനിയായ ഗാർമിനുമായി ഇതു സംബന്ധിച്ച കരാറിൽ ആക്‌സിയ ഒപ്പിട്ടു. ആക്‌സിയ വികസിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറുകളും ഹാർഡ്‌വെയറുകളും ഗാർമിൻ വഴിയാണ് ബി.എം.ഡബ്ള്യുവിന് നൽകുക.

ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് രാജ്യത്തെ മുൻനിര കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ് തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെ വിനോദവും വിവരങ്ങളും നൽകുന്ന ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്.

നീണ്ട മൂല്യനിർണയ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുത്തതെന്ന് ആക്‌സിയ ടെക്‌നൊളജീസ് സി.ഇ.ഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ ആക്‌സിയ നൽകുന്നുണ്ട്. ജർമ്മനി ആസ്ഥാനമായ ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ള്യുവിനായി പ്രവർത്തിക്കാൻ കഴിയുന്നത് വലിയ നേട്ടമാണ്. ടെക്നോപാർക്കിലാണ് ബി.എം.ഡബ്ള്യുവിന് ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കുക.

സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിൽ ഓട്ടോമോട്ടീവ് സംബന്ധിച്ച കോഴ്‌സുകളിൽ ആക്‌സിയ പരിശീലനം നൽകുന്നുണ്ട്. എൻജിനിയറിംഗ് കോളേജുകളിൽ തൊഴിൽ പരിശീലനകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.