
കൊച്ചി: ജൈവ വൈവിദ്ധ്യസംരക്ഷണവും പ്രകൃതിയെയും നെഞ്ചോട് ചേർത്ത് പരിസ്ഥിതി ദിനാചരണം ജില്ലയിൽ നടന്നു. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ വൈവിദ്ധ്യമായ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്‌കൂൾ അവധി ദിവസമായിരുന്നതിനാൽ വീടുകളിൽ തന്നെ ചെടികളും വൃക്ഷത്തൈകളും നട്ടതിന് ശേഷം ചിത്രങ്ങൾ അയയ്ക്കാനാണ് അദ്ധ്യാപകർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചത്. വഴിയോരങ്ങളിൽ അടക്കം തണൽമരങ്ങൾ നട്ടു പിടിപ്പിച്ച് വിവിധ വൃക്ഷ സംരക്ഷണ പദ്ധതികൾക്കും ജില്ലയിൽ തുടക്കമായി.
 വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന ഏരിയയായ എടയാർ മേഖലയിൽ ഇരുന്നൂറും എറണാകുളം ജില്ലയിൽ നാന്നൂറ് വൃക്ഷത്തൈകളും നടുന്ന ഹരിതമതിൽ പദ്ധതിക്ക് മന്ത്രി പി.രാജീവ് തുടക്കമിട്ടു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, അഡീഷണൽ ഡയറക്ടർ കെ.സുധീർ, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. താരാനാഥ്, സുനിത കുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, മാനേജർ ആർ.രമ, സംസ്ഥാന ചെറുകിട വ്യവസായ സംഘം പ്രസിഡന്റ് പി.ജെ ജോസ്, എടയാർ മേഖല പ്രസിഡന്റ് സോജൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
 മാവ് നട്ട് കളക്ടർ
കളക്ടറേറ്റ് പരിസരത്ത് കളക്ടർ ജാഫർ മാലിക്ക് മാവിൻ തൈ നട്ടു. ജില്ലാ വികസനകാര്യ കമ്മിഷണർ എ. ഷിബു, എ.ഡി.എം എസ്.ഷാജഹാൻ എന്നിവർ മാവിൻത്തൈയും ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ കെ. എംഎൽദോസ് കുട്ടി പ്ലാവിൻത്തൈയും നട്ടു. കളക്ടറേറ്റ് പൂന്തോട്ടത്തിന്റെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു.
 കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആൻഡ് വെൽഫയർ ബോർഡ് ജില്ലാ ഓഫീസിൽ 500 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ബോർഡ് ചെയർമാൻ വി.ശശികുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ എക്‌സികുട്ടീവ് ഓഫീസർ പി.എ.നദീറ, അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ജോസ് രാജു എന്നിവരും വൃക്ഷത്തൈകൾ നട്ടു.
 സൈക്കിൾ റൈഡ്
അപ്‌ഗ്രേഡ് സൈക്ക്‌ളറിയും കൊച്ചി റീജിയണൽ സ്‌പോർട്ട്‌സ് സെന്ററും സൈക്ക്‌ളിംഗ് റൈഡ് സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 30 കിലോമീറ്റർ റൈഡിൽ പൊലീസ് കമ്മിഷണർ ഉൾപ്പടെ 170 ഓളം പേർ പങ്കെടുത്തു.