മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വീട്ടുർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മൂവാറ്റുപുഴയോരം ശുചീകരിച്ചു. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ.എസ്.എസ്, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ യജ്ഞം. വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷനിൽ നിന്ന് പരേഡോടെ പരിപാടികൾ ആരംഭിച്ചു. ഇരുകൈ ദൂരത്ത് സംരക്ഷിയ്ക്കും ഞാനെൻ പുഴയോരം 'എന്ന മുദ്രാഗീതത്തോടെ കുട്ടികൾ മാർച്ച് ചെയ്തു. മൂവാറ്റുപുഴ വെള്ളൂർകുന്നം കടവിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പ്രമോദ് ഘോഷ് , പ്രിൻസിപ്പൽ ബിജുകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി കേഡറ്റ് സി. പൂജ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. അദ്ധ്യാപകരായ ഡൈജി പി.ചാക്കോ, ബിനു വർഗീസ്, വിനു പോൾ, ബിജി കെ. കുര്യാക്കോസ്, എ.വി.ജയലക്ഷ്മി, എബി അഗസ്റ്റിൻ, പി.എസ്. സജിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ പുഴയോരത്ത് ഇല്ലിത്തൈകൾ നട്ടു. പുഴയോര സംരക്ഷണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി അറിയിച്ചു.