
കൊച്ചി: തൃപ്പൂണിത്തുറ നഗരത്തിന് സമീപം അന്ധകാരത്തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ഭാഗത്ത് അപകട മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ല. അന്ധകാരത്തോടിന് കുറുകെയുള്ള ചെറിയ പാലം പൊളിച്ചു പണിയാൻ തുടങ്ങിയിട്ട് മൂന്നു മാസമായി.
500 മീറ്ററിലേറെ നീളമുള്ള റോഡിന്റെ മദ്ധ്യഭാഗത്താണ് പാലം. ഉദയംപേരൂരിൽ സുഹൃത്തിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും വഴിയാണ് ശനിയാഴ്ച പുലർച്ചെ 2.15ന് വിഷ്ണുവും സുഹൃത്ത് ആദർശും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാനാകാതെ 20 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
സമീപത്തെ പച്ചക്കറിക്കടക്കാരൻ എം.എൻ. ദിപുവാണ് അപകടം ആദ്യം അറിഞ്ഞത്. ഒറ്റയ്ക്കുള്ള രക്ഷാപ്രവർത്തനം പരാജയപ്പെട്ടപ്പോൾ 300 മീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം അറിയിച്ചു. പൊലീസുകാരും അതുവഴി വന്ന മറ്റൊരു ബൈക്കിലെ യാത്രക്കാരുമൊക്കെ ചേർന്ന് ഇരുവരെയും പുറത്തെടുത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ വിഷ്ണു മരിച്ചു. ആദർശിന് തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. ഇയാളെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റുമോർട്ടത്തിന്ശേഷം വീട്ടിലെത്തിച്ച വിഷ്ണുവിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരി: ഗീതു. സഹോദരീ ഭർത്താവ്: ബിനു.