cial-solar

നെടുമ്പാശേരി: ഹരിതോർജ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ടവുമായി ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ. സോളാർ പദ്ധതി നടപ്പാക്കിയശേഷം ഇതുവരെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഉത്പാദിപ്പിച്ച മൊത്തം സൗരോർജം 25 കോടി യൂണിറ്റ്. അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉത്പാദനം കൂടിച്ചേർത്താൽ അളവ് ഇതിലും കൂടും.

പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ പദ്ധതികൾ നടപ്പാക്കുകയെന്ന നയമാണ് സിയാലിനുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. പ്രതിദിനം രണ്ടുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ പ്ലാന്റുകളിൽ പച്ചക്കറി കൃഷിക്കായി അഗ്രി ഫോട്ടോ വോൾട്ടായിക് രീതി സിയാൽ ആവിഷ്‌കരിച്ചിരുന്നു. ഇതിനകം 90 മെട്രിക് ടൺ ജൈവ പച്ചക്കറിയാണ് കാർഗോ ടെർമിനലിനടുത്തെ പ്രധാന പ്ലാന്റിൽ നിന്ന് ലഭിച്ചത്.

സൗരോർജച്ചിറകിൽ സിയാൽ

 2013ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിന് മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ച് തുടക്കം.

 2015ൽ സിയാൽ ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായി. അന്ന് സ്ഥാപിതശേഷി 13.1 മെഗാവാട്ട്.

 നിലവിൽ വിമാനത്താവളത്തിൽ 8 പ്ലാന്റുകൾ.

 പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മിഷൻ ചെയ്തതോടെ മൊത്തം സ്ഥാപിതശേഷി 50 മൊഗാവാട്ടായി.

 അരിപ്പാറ ജലവൈദ്യുത പദ്ധതിയിൽ നിന്ന് 75 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതുവരെ ലഭിച്ചു.

 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്ര ഒഴിവാക്കാൻ ഇതിനകം സിയാലിന് കഴിഞ്ഞു.