വൈപ്പിൻ: വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് ചെറായി രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ രാവിലെ എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് കരിങ്കൽ ഭിത്തികൾക്കിടയിൽ അടിഞ്ഞു. അങ്കമാലി ജോയ്‌സ് ഐ.ടി.സി വിദ്യാർത്ഥിയായ ഇടുക്കി തോപ്രാംകുടി കൊന്നക്കൽ സാന്റിയുടെ മകൻ ആൽവിൻ ജോസഫ്(21) ആണ് മരിച്ചത്. രണ്ട് അദ്ധ്യാപകർക്കും 20 വിദ്യാർത്ഥികൾക്കുമൊപ്പമാണ് ആൽവിൻ ബീച്ചിലെത്തിയത്. തിരയിൽപ്പെട്ട് കാണാതായ ഉടൻ തന്നെ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശനിയാഴ്ച നേവിയും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.