കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം സി.പി.എമ്മിന്റെ പാളിച്ചയാണെന്നും ഈ കാര്യത്തിൽ ആത്മപരിശോധന വേണമെന്നും ഇടത് സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സി.പി.എം അമിതപ്രാധാന്യം നൽകി പ്രചാരണം കൊഴുപ്പിച്ചിട്ടും വോട്ട് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് സൂക്ഷ്മമായി പരിശോധിക്കണം. മണ്ഡലത്തിൽനിന്ന് ഉയർന്നുവന്ന പലചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ല. സ്ഥാനാർത്ഥി​ നി​ർണയപ്രശ്നങ്ങൾ സാധാരണ പ്രവർത്തകർക്ക് ഉൾക്കൊള്ളാനായില്ല. ഡോ. ജോ ജോസഫിനെ പാർട്ടിയുടെ ജില്ലാ ആസ്ഥാനത്തുവച്ചയി​രുന്നു സ്ഥാനാർത്ഥി​യായി​ പ്രഖ്യാപി​ക്കേണ്ടി​യി​രുന്നത്. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയെന്നും പിന്നീട് കർദ്ദിനാളിന്റെ സ്ഥാനാർത്ഥിയെന്നുമൊക്കെയുള്ള ആക്ഷേപമുണ്ടാക്കാൻ ഇടയായി​. പാർട്ടിയുടെ പരമ്പരാഗത നിലപാടുകളിൽ പാളിച്ചയുണ്ടായി. രണ്ടായിരംവോട്ട് കൂടുതൽ കിട്ടിയതിൽ ആശ്വസിക്കാൻ വകയില്ല. രണ്ടായിരം വോട്ടിനുവേണ്ടിയല്ല എൽ.ഡി.എഫ് തൃക്കാക്കരയിൽ മത്സരിച്ചത്. വീഴ്ചകൾ ഗൗരവമായി പരിശോധിക്കണം. തൃക്കാക്കരയ്ക്ക് അമിതമായ പ്രാധാന്യമായ പ്രാധാന്യം കൊടുത്തത് പ്രയോജനകരമായി​ല്ല. മണ്ഡലത്തിൽ പരിചയമില്ലാത്തവർവന്ന് യാന്ത്രികമായി പ്രവർത്തിച്ചുപോയാൽ വോട്ടാകില്ല. മണ്ഡലം അറി​യാവുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സ്വാധീനംകൊണ്ടേ വോട്ട് മറിക്കാൻ കഴിയൂവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.