justice-bhaskaran-nambiar

കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്‌ജിയും അഡ്വക്കേറ്റ് ജനറലുമായിരുന്ന എറണാകുളം എളമക്കര രാജീവ് നഗർ 'കൃഷ്‌ണവർഷ'യിൽ ജസ്റ്റിസ് വി. ഭാസ്‌കരൻ നമ്പ്യാർ (94) അന്തരിച്ചു. ഇന്നലെ പുലർച്ചെ 4.45ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. പരേതയായ ഗൗരി നമ്പ്യാരാണ് ഭാര്യ. മക്കൾ: അഡ്വ. എം.വിജയകുമാർ, സീനിയർ അഡ്വക്കേറ്റ് രമേഷ് ചന്ദർ, പത്മിനി റാണി (യു.എസ്.എ), അഡ്വ.രാജ്മോഹൻ, സന്തോഷ് ഭാസ്‌കർ (യു.എസ്.എ). മരുമക്കൾ: രാമചന്ദ്രൻ മംഗലത്ത് (യു.എസ്.എ), ഡോ.രൂപ, ഡോ.ലതിക, ഡോ.അന്നപൂർണ, ജയലക്ഷ്‌മി (യു.എസ്.എ).

കേരള ഉപലോകായുക്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവഗിരിയിലെ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും ബ്രഹ്മപുരം, കാർഷിക സർവകലാശാല വിഷയങ്ങളിലും അന്വേഷണ കമ്മിഷനായിരുന്നു.

കണ്ണൂർ താഴേ ചൊവ്വ വയക്കര പടന്നക്കോടു വീട്ടിൽ 1927 നവംബർ 19നാണ് ജനനം. ബിരുദ പഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എൽ പാസായി. 1953ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. കേരള സർവകലാശാല സ്റ്റാൻഡിംഗ് കോൺസലും സിവിൽ, സർവീസ് നിയമങ്ങളിൽ വൈദഗ്ദ്ധ്യമുള്ള അഭിഭാഷകനുമായിരുന്നു. 1981-83ൽ അഡ്വക്കേറ്റ് ജനറലും 1982-83ൽ കേരള ബാർ കൗൺസിൽ ചെയർമാനുമായി. 1983ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി. 1989വരെ തുടർന്നു. വിരമിച്ചശേഷം സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായി.

ഏഴു വർഷം കോഫെപോസ ബോർഡംഗമായിരുന്നു. കൊച്ചി, എം.ജി സർവകലാശാലകളിൽ ലാ ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കൊച്ചിയിലെ ഡീലർ സെലക്ഷൻ ബോർഡ് ചെയർമാനുമായിരുന്നു. 'ലൈഫ്‌സ് ലൈക്ക്‌സ് ആൻഡ് ഡിസ്‌ലൈക്ക്‌സ്' എന്ന ആത്മകഥയെഴുതിയിട്ടുണ്ട്.