വി.എസ്. വേലു
കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് 18-ാം വാർഡിൽ പെരിയാർവാലി കനാലിന് സമീപം താമസിക്കുന്ന പാറേമ്മേൽവീട്ടിൽ പരേതനായ ഉണ്ണീരയുടെ ഭാര്യ കമലാക്ഷിക്ക് കൈത്താങ്ങാകാൻ പഞ്ചായത്ത് ഭരണസമിതി. കമലാക്ഷിയെ നേരിൽ കണ്ട വാർഡ് അംഗം സ്മിതാ അനിൽകുമാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ഇടിഞ്ഞുവീഴാറായ വീട്ടിലാണ് 75 വയസ്സുകാരിയായ കമലാക്ഷി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. മക്കളില്ലാത്ത കമലാക്ഷിക്ക് അടുത്ത ബന്ധുക്കൾ അല്ലാതെ മറ്റാരും ആശ്രയമില്ല. ഒൻപത് വർഷം മുൻപാണ് ഭർത്താവ് ഉണ്ണീര മരണമടഞ്ഞത്. അതിനുശേഷം പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പെൻഷൻതുക കൊണ്ടും അടുത്ത ബന്ധുക്കളും മറ്റും നൽകുന്ന ചെറിയ സഹായങ്ങൾ കൊണ്ടുമാണ് അവർ ജീവിതം തള്ളിനീക്കിയത്. കമലാക്ഷിയെ സന്ദർശിച്ച വാർഡ് അംഗം അവരെ സമീപത്തെ ബന്ധുവീട്ടിൽ സുരക്ഷിതയായി താമസിപ്പിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. കമലാക്ഷിയുടെ ദുരവസ്ഥയെക്കുറിച്ച് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിനെ അറിയിക്കുകയും എസ്.സി മെയിന്റനൻസ് വർക്കിൽ ഉൾപ്പെടുത്തി വീട് പുതുക്കി പണിയുന്നതിനുള്ള തുക അനുവദിക്കുകയും ചെയ്തു. പ്രത്യേക ഗ്രാന്റ് നൽകാമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. വീട് നിർമ്മാണത്തിനുവേണ്ട ബാക്കി തുക മുൻ വാർഡ് അംഗം ടി.എ.അനിൽകുമാറിന്റെയും സിപിഎം കുരുപ്പുപാറ ബ്രാഞ്ച് സെക്രട്ടറി പി.എം. രാജന്റെയും നേതൃത്വത്തിലുള്ള ജനകീയകൂട്ടായ്മ സമാഹരിക്കും. എത്രയും വേഗം വീടിന്റെ പണി പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്.