അങ്കമാലി- അങ്കമാലിയിലെ വിവിധ മേഖലകളിൽ പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. വിദ്യാലയങ്ങളുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വായനശാലകളുടെയും ക്ലബ്ബകളുടെയും ആഭിമുഖ്യത്തിലെ പരിസ്ഥിതിദിനാചരണത്തിന് ജനപ്രതിനിധികളും സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരും നേതൃത്വം നൽകി.
സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് ഓഫീസായ എ.കെ.ജി മന്ദിര അങ്കണത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് വൃക്ഷത്തൈ നട്ട് പരിസ്ഥിത ദിനാചരണം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. തെളിനീർ അങ്കമാലിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിൽ വൃക്ഷത്തൈ നട്ടു. ഉദ്ഘാടനം തെളിനീർ പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര അപ്പോളോ ആശുപത്രിയിൽ നിർവഹിച്ചു.
വടക്കേ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറിയിൽ ഫലവൃക്ഷ ത്തൈയും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
ഞാലൂക്കര നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം സെക്രട്ടറി പി.ബി.വിജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു .തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. ഗവ.താലൂക്ക് ആശുപത്രിയിൽ മാവിൻതൈ നട്ടു ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. എൻ.സി.പി. മണ്ഡലം പ്രസിഡന്റ് ജോളി ജോർജ് അദ്ധ്യക്ഷത വഹിച്ചു.