p-and-t

കൊച്ചി: പി ആൻഡ് ടി കോളനിയിലെ 83 കുടുംബങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. മുണ്ടംവേലിയിലെ ഭവനസമുച്ചയത്തിന്റെ നിർമ്മാണം ജൂലായിൽ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. തൊട്ടടുത്ത തോട്ടിൽ നിന്ന് വീട്ടിലേക്ക് ഇരച്ചെത്തുന്ന മലിനജലത്തെ ഭയന്നാണ് മഴക്കാലത്ത് കോളനിനിവാസികളുടെ ജീവിതം. പുതിയ അപ്പാർട്ടുമെന്റുകൾ അടുത്ത മാസം തന്നെ ഉടമസ്ഥർക്ക് കൈമാറാൻ ഇവരെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഭവനസമുച്ചയത്തിന്റെ നിർമ്മാണപുരോഗതി മേയർ എം . അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കെ.ജെ. മാക്‌സി എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി വിലയിരുത്തി.
ജി.സി.ഡി.എ നൽകിയ 72 സെന്റിൽ വളരെ വേഗത്തിൽ, ഉറപ്പോടെ പൂർത്തിയാക്കാവുന്ന പ്രീ ഫാബ്രിക്കേഷൻ വിദ്യയിലാണ് നിർമ്മാണം. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ടി.ഡി.എൽ.സി.സി.എസ്) നിർമ്മാണകരാറുകാർ. ഉരുക്കിൽ നിർമ്മിച്ച ഭാഗങ്ങൾ സ്ഥലത്തെത്തിച്ച് യോജിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. ആകെ 37,000 ചതുരശ്രയടിയിലാണ് നിർമ്മാണം. 14.61 കോടി രൂപയാണ് ചെലവ്. ജി.സി.ഡി.എ സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്, കൗൺസിലർമാരായ കലിസ്റ്റ പ്രകാശൻ, ബിന്ദു ശിവൻ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

83കുടുംബങ്ങൾക്ക്

അത്താണിയാകും

നാലു നിലകളിലായി രണ്ടു മുറികൾ വീതം 83 വീടുകളാണ് നിർമ്മിക്കുന്നത്. നിർമ്മാണം അതിവേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതുക്കിയ വർക് ഷെഡ്യൂൾപ്രകാരമാണ് പണി നടക്കുന്നത്. എൻജിനീയർമാരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും സൈറ്റിൽ റിവ്യു യോഗം നടത്തുന്നുണ്ട്. കെ.ജെ. മാക്‌സി എം.എൽ.എ, മേയർ , ജി.സി.ഡി.എ ചെയർമാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാസംതോറും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ലൈഫ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് .


 നീണ്ടു പോയ പദ്ധതി

മുൻ ചെയർമാൻ സി.എൻ. മോഹനന്റെ സമയത്താണ് കോർപ്പറേഷന്റെ അധീനതയിലുള്ള പി.ആൻഡ് ടി കോളനികളുടെ പുനരധിവാസം ജി.സി.ഡി.എ ഏറ്റെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശിലാസ്ഥാപനം നടത്തിയതല്ലാതെ യാതൊരു പുരോഗതിയുമുണ്ടായില്ല. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് പുതുജീവൻ ലഭിച്ചത്. ഫാബ്രിക്കേഷൻ ജോലികൾ തുടങ്ങാത്ത പക്ഷം കരാറുകാരെ നീക്കാനും നിയമാനുസൃത നടപടികൾ അവർക്കെതിരെ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. കരാറുകാരുടെ സർക്കാർ അക്രഡിറ്റേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ ആലോചിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ് ജീവൻ വച്ചു.