കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽനിന്ന് മാറ്റാൻ കേന്ദ്രസർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കൊച്ചിയിലെ ഓഫീസ് വളരെ മികച്ചതും ഏറെ സൗകര്യങ്ങളുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനത്ത് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

2021-22 കാലത്ത് സമുദ്രോത്പന്ന സാധനങ്ങളുടെ കയറ്റുമതിയിൽ 50,000കോടി രൂപയുടെ റെക്കാഡ് നേട്ടമാണ് രാജ്യം കൈവരിച്ചത്. അഞ്ചുവർഷംകൊണ്ട് ഇത് ഒരുലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങളും കേന്ദ്രം ചർച്ചചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലും ഈ മേഖലയുടെ വികസനത്തിനായുണ്ട്. നിരവധി പദ്ധതികളാണ് സമുദ്രോത്പന്ന കയറ്റുമതിയുടെ ഉന്നമനത്തിനായി കൊണ്ടുവന്നിട്ടുള്ളത്. കയറ്റുമതി വർധിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ 17ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കളുമായി മന്ത്രി ചർച്ചനടത്തി. പരമ്പരാഗത- ചെറുകിട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അവർ ശ്രദ്ധയിൽപ്പെടുത്തി.