pareed
പരീത്

പെരുമ്പാവൂർ: കാരാട്ട് പള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീതിനെയാണ് (56) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രിയാണ് സംഭവം. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകടീം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വിവിധ ജില്ലകളിലായി എഴുപത്തഞ്ചോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഏപ്രിലിലാണ് ജയിൽ മോചിതനായത്.

പകൽസമയം കറങ്ങിനടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബർത്തോട്ടത്തിലോ രാത്രിതങ്ങി പുലർച്ചെ മോഷണംനടത്തി തിരിച്ചുപോവുകയാണ് രീതി.

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐ റിൻസ് എം.തോമസ്, എ.എസ്.ഐ വി.ആർ. സുരേഷ്, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൾ മനാഫ്, എം.ബി. സുബൈർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.