കൊച്ചി: മാലിപ്പുറത്തെ കർത്തേടം സർവീസ് സഹകരണബാങ്കിലെ ആറ് ഭരണസമിതിഅംഗങ്ങളെ അയോഗ്യരാക്കുകയും അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്ത നടപടി ഹൈക്കോടതി ശരിവച്ചു. ഈ നടപടികൾ സിംഗിൾബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ ഭരണസമിതി അംഗങ്ങളായ കെ.എൽ. ദിലീപ്കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്.

13 അംഗ ഭരണസമിതിയിൽനിന്ന് നേരത്തെ ഒരാൾ രാജിവച്ചിരുന്നു. ആറുപേരെ പിന്നീട് അയോഗ്യരാക്കിയതോടെ ക്വോറം നഷ്ടപ്പെട്ടു. തുടർന്നാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ആറ് അംഗങ്ങൾ തുടർച്ചയായി ഭരണസമിതി യോഗത്തിൽ പങ്കെടുത്തില്ലെന്ന് വിലയിരുത്തിയാണ് ഇവരെ അയോഗ്യരാക്കിയത്. ഇക്കാര്യം മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്ട്സ് ബുക്ക് ഇക്കാര്യത്തിൽ ആധികാരികരേഖയാണെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.