മരട്: കുണ്ടന്നൂർ നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതിന് കാനയിലെ തടസം നീക്കം ചെയ്യുന്നതിനായി ചെന്ന 14-ാം ഡിവിഷൻ കൗൺസിലർക്ക് നേരെ കുണ്ടന്നൂർ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ കൈയേറ്റത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ശനിയാഴ്ചയാണ് കൗൺസിലർ സി.വി.സന്തോഷിനു നേരെ കൈയേറ്റത്തിന് ശ്രമിച്ചത്.
പ്രതിഷേധ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി പി.ബി.വേണുഗോപാലൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ്, കെ.വി.കിരൺ രാജ്, മരട് ഈസറ്റ് ലോക്കൽ സെക്രട്ടറി എം.പി.സുനിൽകുമാർ, വെസ്റ്റ് ലോക്കൽ സെക്രട്ടറി എൻ.ജെ.സജീഷ് കുമാർ എന്നിവർ സംസാരിച്ചു.